This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്

കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്

ഓട്ടോറിക്ഷകള്‍, പിക്കപ് വാനുകള്‍, ഡെലിവറി വാനുകള്‍ തുടങ്ങിയ ത്രീവീലര്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടി കേരള ഗവണ്‍മെന്റിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം. കമ്പനി നിയമ വ്യവസ്ഥകളനുസരിച്ച് 1978 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. നെയ്യാറ്റിന്‍കര താലൂക്കില്‍ ആറാലുംമൂട് എന്ന സ്ഥലത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. നാലു കോടി രൂപ അംഗീകൃത മൂലധനമുള്ള ഈ സ്ഥാപനം ത്രീവീലര്‍ വാഹനങ്ങളുടെ നിര്‍മാണത്തിനുവേണ്ടി സ്ഥാപിതസമയത്ത് 7.5 കോടി രൂപയുടെ പ്രോജക്റ്റാണ് ഏറ്റെടുത്തത്. ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ, ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം ഇതിനു ലഭിച്ചിരുന്നു. 1984 ഫെ. 5-ന് കേന്ദ്ര വാണിജ്യ-വിതരണ വകുപ്പു മന്ത്രി ത്രീവീലര്‍ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തതോടെ 'KAL 175' എന്ന നാമമുദ്രയുള്ള വാഹനങ്ങള്‍ പൊതുനിരത്തിലിറങ്ങിത്തുടങ്ങി. ഡീസല്‍, പെട്രോള്‍, സി.എന്‍.ജി എന്നിവ ഉപയോഗിച്ച് ഓടുന്ന ത്രിചക്രവാഹനങ്ങളാണ് ഇവിടെ നിര്‍മിക്കപ്പെടുന്നത്. 85,000-ത്തോളം വാഹനങ്ങള്‍ ഇതുവരെ (2012) നിര്‍മിച്ചിട്ടുണ്ട്. 2012-ല്‍ ISO 9001: 2000 സര്‍ട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിക്കുകയുണ്ടായി. വാഹനങ്ങളുടെ ഇപ്പോഴത്തെ നാമമുദ്ര 'കേരള' എന്നാണ്. ബാംഗ്ലാദേശ്, സുഡാന്‍, നൈജീരിയ, നേപ്പാള്‍ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ഈ കമ്പനിയില്‍ നിന്നും വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഐ.എസ്.ആര്‍.ഒ.യുടെ ബഹിരാകാശ വാഹനങ്ങള്‍ക്കു വേണ്ട ചില ഭാഗങ്ങളും ഇവിടെ നിന്നും നിര്‍മിക്കപ്പെടുന്നുണ്ട്. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിവുള്ള ഇത് ദക്ഷിണേന്ത്യന്‍ ത്രീവീലര്‍ നിര്‍മാണരംഗത്തെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍